Sunday, 11 December 2011

കേരളത്തിലെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ ഇരുട്ടടി


ഇന്ത്യയിലേറ്റവും നന്നായി വികസിച്ച സഹകരണ വായ്പാ പ്രസ്ഥാനമുള്ള സംസ്ഥാനമാണ് കേരളം. സകല പഞ്ചായത്തുകളിലും ഏതാനും ദശകോടികൾ രൂപ വീതം വായ്പനൽകുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനം ഈടു നൽകാൻ ശേഷിയില്ലാത്തവരുടെ വിശ്വസ്ത ധനകാര്യ സ്ഥാപനമായിരുന്നു ഇത്രയും കാലം. ഷെഡ്യൂൾഡ് ബാങ്കുകൾ നിർധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകാൻ മടിച്ചപ്പോൾ കുറഞ്ഞ തോതിലെങ്കിലും അതിനു തയ്യാറായിരുന്നു കേരളത്തിലെ സഹകരണ വായ്പാ സ്ഥാപനങ്ങൾ. 

കേന്ദ്ര സർക്കാരിന്റെ നയ പ്രകാരം വിദ്യാഭ്യാസ വായ്പയിൽ 2% പലിശയിളവ് വിദ്യാർഥികൾക്ക് ലഭ്യമാക്കിയിരുന്നു. സഹകരണ ബാങ്കുകളിൽ നിന്നു വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർഥികൾക്ക് ഈ പലിശയിളവ് നൽകാനാവില്ലെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ഔദ്യോഗികമായി കേരള സർക്കാരിനെ അറിയിച്ചിരിക്കുന്നു. സഹകരണ സ്ഥാപനങ്ങൾ ഇന്ത്യൻ ബാങ്ക്സ് അസ്സോസിയേഷനിൽ അംഗങ്ങളല്ല എന്നതാണു ഇതിനു കാരണം. മുതലാളിത്തത്തിന്റേയും സോഷ്യലിസത്തിന്റേയും ദൂഷ്യഫലങ്ങളെ ചെറുക്കാൻ അന്തർദ്ദേശീയ തലത്തിൽ രൂപം കൊടുത്ത് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് എന്ന ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ജനാധിപത്യ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ വികേന്ദ്രീകൃത പ്രവർത്തനത്തിലൂടെ ഫലപ്രദമായി കുത്തകകളെ നിയന്ത്രിക്കുന്ന ജനകീയ സ്ഥാപനങ്ങളാണ്. ഇവയെ ഫലപ്രദമായി രാഷ്ട്രീയ നിയന്ത്രണത്തിൽ കൊണ്ടു വരാനായെങ്കിലും സഹകരണ തത്വങ്ങളുടെ കീഴിൽ പ്രവർത്തിക്കുകയാൽ അവയെ സമ്പൂർണ രാഷ്ട്രീയ ഉപകരണമാക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും സ്റ്റേറ്റുകൾ സ്വന്തം നയപരിപാടികൾ നടപ്പാക്കുന്നതിനു സഹകരണ സ്ഥാപനങ്ങളെ നഷ്ടത്തിലേക്കു വലിച്ചിഴച്ചും അവയിൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നത് ഒരു സാധാരണ വഴക്കമാണ്. അതിനായി സർക്കാരുകളും കോടതികളും പറയുന്നത് അവ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളാണെന്നതാണ്. എന്നാൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിനു ഒരിക്കലും അംഗീകരിക്കാനാകാത്ത ഒരു പ്രതിഭാസമാണത്. സ്റ്റേറ്റു തന്നെയാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിനു ആരംഭം കുറിച്ചതെന്ന വസ്തുതയും ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിൽ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നു പറഞ്ഞിട്ടുള്ളതും കാലാകാലങ്ങളിലെ സർക്കാരുകൾ മറന്നു പോകുകയാണ്. കുറച്ചു കാലമായി റിസർവ് ബാങ്ക് സഹകരണ ബാങ്കിങ്ങ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചു തുടങ്ങിയിട്ട്. സർക്കാരിന്റെ പലിശ നിരക്കു വ്യതിയാനത്തിനനുസൃതമായി സഹകരണ ബാങ്കുകൾ പ്രതീക്ഷിക്കുന്ന ഫലങ്ങളല്ല തരുന്നതെന്നതായിരിക്കണം കാരണം. സമ്പൂർണ ജനകീയ അടിത്തറയിലുള്ളതും ജനകീയ വിശ്വാസമാർജ്ജിച്ചതുമായ സഹകരണ സ്ഥാപനങ്ങളെ നിലനിറുത്തുന്നത് സർക്കാർ നയങ്ങളല്ല, ജനം നേരിട്ടാണെന്നത് സർക്കാരും ചില അപക്സ് സ്ഥാപനങ്ങളും മറന്നു പോകുന്നു. സഹകരണ വായ്പാ മേഖലയിലെ അപെക്സ് സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ കീഴിൽ വാലാട്ടി നിൽക്കാനല്ലാതെ നട്ടെല്ലു നിവർത്താൻ ശേഷിയില്ലെന്നതാണ് വസ്തുത.

ഭരണ ഘടനാ സംരക്ഷണമുള്ള സഹകരണ സ്ഥാപനങ്ങളെ യാതൊരു സർക്കാർ വ്യക്തിത്വമുമില്ലാത്ത ഇന്ത്യൻ ബാങ്ക്സ് അസ്സോസിയേഷനിൽ അംഗത്വമെടുത്തില്ല എന്ന കാരണത്താൽ നിയന്ത്രിക്കുന്നതു കൊണ്ട് സഹകരണ വായ്പാ സ്ഥാപനങ്ങൾ യാതൊരു നിലനിൽപ്പിന്റെ പ്രശ്നങ്ങളും നേരിടുന്നില്ല എന്നതാണ് സത്യം.  ഒരു പക്ഷേ അവയുടെ നോൺ പെർഫോർമിങ്ങ് അസറ്റുകളിൽ ചെറിയ കുറവു വന്നേക്കാം എന്ന ഒരു താത്കാലിക ഗുണവുമുണ്ട്. പക്ഷെ കേരളത്തിലെ ലക്ഷക്കണക്കിനു വായ്പയെടുത്തു പഠിക്കുന്ന നിർധനരായ വിദ്യാർത്ഥികളിൽ പലർക്കും ആത്മഹത്യയുടെ വാതിലാണ് കേന്ദ്ര സർക്കാർ തുറന്നു കൊടുത്തിരിക്കുന്നത്.

ഇപ്പോൾ തന്നെ ലക്ഷങ്ങൾ ചെലവു വരുന്ന നഴ്സിങ്ങ് വിദ്യാഭ്യാസം മുതലായ പ്രൊഫഷണൽ കോഴ്സുകൾക്ക് പോകുന്നവർ പലരും പാസ്സാകുന്നു പോലുമില്ല. പാസ്സാകുന്നവർ തന്നെ മിക്കവരും അടിമ സമാനമായ സാഹചര്യങ്ങളിൽ ബോണ്ട്ഡ് ജോലിക്കു വിധേയരാകുന്നതായി ഇന്ത്യയിലാകമാനം വ്യാപിച്ച നഴ്സുമാരുടെ സമരം വെളിവാക്കുന്നു. സമരം ചെയ്യുന്ന നഴ്സുമാരെ മർദ്ദിച്ചും മുട്ടുകാൽ തല്ലിയൊടിച്ചുമാണ് മാനേജുമെന്റുകൾ സമരത്തെ നേരിടുന്നത്. സുപ്രീം കോടതി ഇടപെട്ട ശേഷം കേന്ദ്ര സർക്കാർ എന്താണു പറയുന്നതെന്നു സസൂക്ഷ്മം വീക്ഷിക്കേണ്ടതുണ്ട്. 

സഹകരണ സ്ഥാപനങ്ങൾക്കെതിരെയുള്ള ഇത്തരം നിയന്ത്രണങ്ങളെ സഹകാരികൾ തുറന്ന് എതിർക്കേണ്ടതുണ്ട്. താങ്കൾ എന്തു പറയുന്നു?
allnews International Cooperative Alliance National Cooperative Union of India Kerala State Cooperative Union Cental Ministry of agriculture and Cooperation Kerala Cooperative Department Minister for Cooperation, Kerala Kerala Laws NCDC NABARD Reserve Bank of India NAFED NCCF Cooperative Service Examination Board KPSC KSCB civil services UPSC